Friday 21 October 2016

Malankara Renaissance, No. 1

മലങ്കര നവോത്ഥാനം പ്രകാശനം ചെയ്തു


മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ് നവോത്ഥാന പ്രസ്ഥാനത്തിന്‍റെ മുഖപത്രമായ 'മലങ്കര നവോത്ഥാനം' ഒന്നാം ലക്കം കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് പ്രകാശനം ചെയ്തു.
മുന്‍ സഭാസെക്രട്ടറിയും പ്രമുഖ അത്മായ നേതാവുമായ എം. ടി. പോള്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. വെരി. റവ. ഇ. കെ. ജോര്‍ജ് ഇഞ്ചക്കാട്ട് കോറെപ്പിസ്കോപ്പാ, ടൈറ്റസ് വര്‍ക്കി, ജേക്കബ് കുരുവിള വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

നവോത്ഥാനപ്രസ്ഥാനം എന്തുകൊണ്ട് ഇപ്പോള്‍?


മലങ്കരയില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ശക്തിപ്പെട്ട് ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍ തണുത്തുറഞ്ഞുപോകുന്ന പാരമ്പര്യവും ഉണ്ട്. അത്തരത്തിലുള്ള ആദ്യത്തെ ശക്തമായ നസ്രാണി മുന്നേറ്റമായിരുന്നു മട്ടാഞ്ചേരിയില്‍ 1653 ജനുവരി 3-നു നടന്ന കൂനന്‍കുരിശ് സത്യം. നസ്രാണിമാര്‍ഗ്ഗം വിളമ്പരം ചെയ്ത മഹാ നവോത്ഥാനവേദിയുടെ ഉദയം ഇവിടെയാണ് ആരംഭിക്കുന്നത്. ശേഷം അനേക തരത്തിലുള്ള ആത്മീയ മുന്നേറ്റങ്ങളും പോരാട്ടങ്ങളും സഭയുടെ ചരിത്രവീഥികളില്‍ അരങ്ങേറിയിട്ടുണ്ട്. മഹായോഗങ്ങളുടെയും പടിയോലകളുടെയും ചരിത്രം ഉറങ്ങുന്ന മലങ്കര സഭാചരിത്രത്തിന്‍റെ ഏടുകളില്‍ നവോത്ഥാനത്തിന്‍റെ ശംഖൊലികള്‍ മുഴങ്ങിയ ചരിത്രമുഹൂര്‍ത്തങ്ങള്‍ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്.
മലങ്കര മഹാജനസഭയും, പീസ് ലീഗും വിവിധ വട്ടമേശ സമ്മേളനങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങള്‍ തന്നെ ആയിരുന്നു. 1980-കളില്‍ മലങ്കരയില്‍ ശക്തിപ്പെട്ട ഓര്‍ത്തഡോക്സ് കോണ്‍ഗ്രസും നവോത്ഥാനത്തിന്‍റെ വിത്തുകളാണ് പാകിയത്. അല്പം ചരിത്രം പറഞ്ഞത് ഇപ്പോള്‍ മലങ്കരയുടെ ഉള്ളില്‍ നവോത്ഥാനത്തിന്‍റെ ശംഖൊലി മുഴക്കുവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതുകൊണ്ടാണ്. മെത്രാന്മാരും പട്ടക്കാരും വിശ്വാസികളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ സഭയെ നശിപ്പിക്കുന്ന ഛിദ്രശക്തികളുടെ അരങ്ങേറ്റം സംഘടിതമായി തടഞ്ഞില്ലെങ്കില്‍ ഇനിയും ഒരു അഞ്ചു വര്‍ഷം കൂടി കഴിയുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അസ്ഥിത്വം തന്നെ ഒരു പരുവത്തിലായിത്തീരും.
ഇക്കഴിഞ്ഞ അഞ്ചുപത്തു വര്‍ഷങ്ങളായി മലങ്കരസഭയ്ക്ക് വളര്‍ച്ചയാണോ തളര്‍ച്ചയാണോ എന്ന് ചോദിച്ചാല്‍ ഏതു കുട്ടിയും പറയും, പൂര്‍വ്വികര്‍ താലോലിച്ച് വളര്‍ത്തിക്കൊണ്ടുവന്ന പാരമ്പര്യവും മൂല്യങ്ങളും സഭയ്ക്ക് ചോര്‍ന്നുപോയി എന്ന്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അധികം ഉത്തരങ്ങള്‍ ആവശ്യമില്ല. ജനാധിപത്യത്തിന്‍റെ പേര് പറഞ്ഞ് വോട്ടു നേടി അധികാരത്തിലെത്തിയവരില്‍ ചിലര്‍ സ്വജനപക്ഷപാതവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്ത് സഭയെ ഛിന്നഭിന്നമാക്കുന്നതില്‍ വിജയിച്ചു എന്നു പറയാതിരിക്കാന്‍ തരമില്ല. അനവധി നിരവധി പ്രതിസന്ധികളിലൂടെ വളര്‍ന്ന മലങ്കരസഭയുടെ അധികാരഘടനയെ നശിപ്പിക്കുവാന്‍ ശേഷി നേടിയ ഒരു കൂട്ടം യുവ തുര്‍ക്കിമാര്‍ അരങ്ങു വാണപ്പോള്‍ ചരിഞ്ഞുവീണത് മലങ്കരസഭ നട്ടുവളര്‍ത്തിയ പ്രാദേശിക കൂട്ടായ്മകളുടെയും പള്ളിയോഗങ്ങളുടെയും കാര്യശേഷിയും ദര്‍ശനവുമാണ്. ഇനി എന്തിന് അധികം വിസ്തരിക്കണം. കാരുണ്യാ ലോട്ടറിക്കാരന്‍ വിളിച്ചുപറയുന്നതുപോലെ 'ഇതാ സമയമായി  സമയമായി സമയമായി...'
സഭയില്‍ വളര്‍ന്നുവരുന്ന കളകളേയും ഛിദ്രശക്തികളേയും കൂട്ടത്തോടെ നശിപ്പിക്കുവാന്‍ കഴിയണം. അതിനുള്ള പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. മലങ്കരസഭയുടെ പാരമ്പര്യവും പൈതൃകവും രക്ഷിച്ച് മാര്‍ത്തോമ്മായുടെ സിംഹാസനത്തില്‍ വാണരുളുന്ന പ. പിതാവിന്‍റെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ കഴിയണം. 2017 മാര്‍ച്ചില്‍ നടക്കുന്ന മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് സഭയോട് സ്നേഹവും വിധേയത്വവും ഉള്ളവരെ മാത്രം വിജയിപ്പിക്കണം. സത്യവിശ്വാസം അറിയാത്ത ആരുംതന്നെ തെരഞ്ഞെടുക്കപ്പെടുവാന്‍ അനുവദിച്ചു കൂടാ.  ഇപ്പോള്‍ വ്യക്തമായി മനസ്സിലായിക്കാണും എന്തുകൊണ്ടാണ് ഞങ്ങള്‍ ഇത്തരം ഒരു പ്രസിദ്ധീകരണവുമായി നിങ്ങളെ സമീപിക്കേണ്ടി വന്നതെന്ന്. സഭയെ രക്ഷിച്ച് നടത്തുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളു. മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ കാഹളം ഉയര്‍ന്നു കഴിഞ്ഞു. എല്ലായിടവും വോട്ടുപിടിത്തവും നിറപുഞ്ചിരിയുമായി നേതാക്കളുടെ സാന്നിദ്ധ്യവും സജീവമായി കഴിഞ്ഞു. രാഷ്ട്രീയത്തിലെ പോലെ ഇലക്ഷനുമാത്രം കണ്ടുവരുന്ന വാത്സല്യവും കരുതലും ഇപ്പോള്‍ പലരില്‍ നിന്നും പുറത്തുവന്നു കഴിഞ്ഞു.
സ്ഥാനത്തും അസ്ഥാനത്തും എങ്ങനേയും കയറിക്കൂടുവാന്‍ ആഗ്രഹിക്കുന്ന സ്ഥാനമോഹികളുടെ ഓട്ടപ്രദക്ഷിണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയോടും പ. കാതോലിക്കാ സിംഹാസനത്തോടും ഭക്തിയും ആദരവും ഇല്ലാത്ത ആരുംതന്നെ സഭാകേന്ദ്രങ്ങളില്‍ കയറിക്കൂടാന്‍ ഇടയാകരുത്. മാനേജിംഗ് കമ്മിറ്റിക്ക് കോട്ടയം വരെ എത്തി ഉണ്ടു മടങ്ങുന്ന ഒരു നേതൃത്വനിര ഇനിയും ഉണ്ടായിക്കൂടാ. പ്രവര്‍ത്തിക്കുവാനുള്ള സമയം ആയിക്കഴിഞ്ഞു.
മലങ്കര കാതോലിക്കാ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പ. പിതാവിന്‍റെ കരങ്ങള്‍ക്ക് ശക്തി പകരുകയെന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സഭയുടെ കേന്ദ്രസ്ഥാനങ്ങളില്‍ സഭാസ്നേഹവും സ്വഭാവശുദ്ധിയും ആത്മീയതയും ഉള്ള നല്ല നേതൃത്വം പ്രതിഷ്ഠിക്കപ്പെട്ടെങ്കിലേ കാതോലിക്കേറ്റിന്‍റെ പ്രൗഡി വീണ്ടെടുക്കുവാന്‍ മലങ്കര നസ്രാണിസമൂഹത്തിന് കഴിയൂ.
കതിരേല്‍ കൊണ്ട് വളം വെച്ചിട്ട് എന്താ കാര്യം? നേതാക്കന്മാരെ ഇടവകകളില്‍ നിന്ന് തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് സഭയ്ക്കു കൊള്ളാവുന്നവരെ മാത്രം കണ്ടെത്തി അയയ്ക്കുവാനുള്ള കാര്യപ്രാപ്തി ഉണ്ടാകണം. സണ്ടേസ്കൂള്‍ പഠിച്ചവര്‍, 10, 12 ക്ലാസ്സ് പാസ്സായവര്‍, ദിവ്യബോധനം പഠിച്ചവര്‍, സണ്ടേസ്കൂള്‍ അദ്ധ്യാപകര്‍, വിശ്വാസപ്രമാണമെങ്കിലും ചൊല്ലുവാന്‍ കഴിയുന്നവര്‍, സഭയിലെ വിശ്വാസാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സാമാന്യബോധവും മര്യാദയുമുള്ളവര്‍ ഇങ്ങനെ എത്രയധികം കാര്യങ്ങള്‍ ഉണ്ടാകണം. സഭയുടെ വളരെ വലിയ പാര്‍ലമെന്‍റിലേക്ക് തികച്ചും യോഗ്യതയുള്ളവരെ മാത്രം തെരഞ്ഞെടുത്തു വിടുവാന്‍ ശ്രദ്ധിക്കണം.
ഇക്കാര്യത്തില്‍ സത്യവിശ്വാസികളായ സമ്മതിദായകര്‍ തങ്ങളുടെ വോട്ടവകാശം പൂര്‍ണ്ണ ഉത്തരവാദിത്വത്തിലും സ്വാധീനശക്തികള്‍ക്ക് വിധേയപ്പെടാതെയും നിര്‍വ്വഹിക്കുവാന്‍ കടപ്പെട്ടവരാണെന്ന് ഇത്തരുണത്തില്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു. ശേഷം വിവരണങ്ങള്‍ പിന്നാലെ. പൂര്‍ണ്ണ പിന്തുണ സഭയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ആഗ്രഹിക്കുന്ന എല്ലാവരില്‍നിന്നും എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് നിര്‍ത്തുന്നു.

ടൈറ്റസ് വര്‍ക്കി (ചീഫ് എഡിറ്റര്‍)
(റിട്ട. സ്ഥാപക പ്രിന്‍സിപ്പല്‍ കെ. ജി. കോളജ്, പാമ്പാടി)