Monday 7 November 2016

ആല്‍മരച്ചുവട്ടിലെ അച്ചനും കൊച്ചനും



നാണംകെട്ടവന്‍ ആലിനെ തണലാക്കുന്നതൊക്കെ പഴങ്കഥയാണെന്നു പറഞ്ഞ് ആരും തള്ളിക്കളയരുത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മലങ്കരസഭ അത്തരക്കാരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കോടിപതികളും കോടീശ്വരന്മാരുമൊക്കെ സഭയുടെ ഉന്നതപദവികളിലേക്കു വരുന്നതിനെ പൊതുവെ എല്ലാവരും നല്ല കാര്യമായാണു കാണുന്നത്. ചുരുങ്ങിയ പക്ഷം ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു വാരുവാനെങ്കിലും അവര്‍ തുനിയില്ലല്ലോ എന്നാണു നമ്മുടെയൊക്കെ ആശ്വാസം. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. നമ്മളൊക്കെയും ശര്‍ക്കരയുടെ മധുരത്തെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളു. എന്നാല്‍ ശര്‍ക്കരക്കുടത്തില്‍ മറ്റു ചില പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ത്ത് ഏതാനും ദിവസങ്ങള്‍ കുഴിച്ചിട്ടാല്‍ തിരികെ ലഭിക്കുന്ന സംഗതി മധുരമല്ല തരുന്നത്, ലഹരിയാണ്. ആ ലഹരി തലയ്ക്കു പിടിച്ചുകഴിഞ്ഞാല്‍ ശര്‍ക്കരക്കുടം ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് മലങ്കരസഭയിലെ ഇന്നത്തെ എല്ലാ അനര്‍ത്ഥങ്ങളുടെയും മൂലകാരണം.
ആല് എവിടെ കിളിര്‍ത്താലും അത് അലങ്കാരമായി കരുതുന്നവരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. എന്തായാലും മലങ്കരയിലെ കോടീശ്വരന് അങ്ങനെ കിളിര്‍ത്ത ആലിനെപ്പറ്റിയാണു നമ്മള്‍ അറിയേണ്ടത്. എന്തായാലും ഒന്നുണ്ട്, ആ ആല്‍ത്തണല്‍ ഇന്ന് അദ്ദേഹത്തിനു മാത്രമല്ല തണലായിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ആല്‍ച്ചുവട്ടില്‍ വിശ്രമിച്ച അച്ചനും കൊച്ചനും ശാഖ വീശിപ്പടര്‍ന്ന് തണലും കുളിര്‍കാറ്റും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
തണലും കാറ്റും ആസ്വദിക്കുന്നവര്‍ അത് എവിടെനിന്ന് വരുന്നുവെന്ന് നോക്കുന്നില്ലെങ്കില്‍ നോക്കണ്ട. നമ്മുടെ വിഷയം അതല്ല. കോടീശ്വരന്‍റെ വ്യവസായ സാമ്രാജ്യത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ആഴ്ചകള്‍ നീണ്ടുനിന്ന ഒരു റെയ്ഡ് നടന്നു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കാവല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എങ്ങോട്ടു തിരിയുമ്പോഴും രണ്ടു പേര്‍ ഒപ്പമുണ്ടാവും. ടോയ്ലറ്റില്‍ കയറുന്നതിനു മുമ്പ് അവര്‍ അതിനകം മുഴുവന്‍ പരിശോധിക്കും. ഒരുവിധ സന്ദേശവും പുറത്തേക്കു പോകാതിരിക്കാനുള്ള സംവിധാനമാണവര്‍ നടപ്പാക്കുന്നത്. ആരോടു സംസാരിച്ചാലും എന്തു ചെയ്താലും അതെല്ലാം കാവല്‍ മാലാഖമാരുടെ സാന്നിധ്യത്തിലേ ആകാവൂ. നമ്മുടെ കഥാനായകന്‍ ഇതൊരലങ്കാരമായി കരുതിത്തുടങ്ങിയിടത്താണു ആല്‍ മുളയ്ക്കുവാന്‍ ആരംഭിച്ചത്. ഈ കാവല്‍മാലാഖമാരെ പത്തു പേരെ കാണിച്ചാല്‍ തന്‍റെ മഹത്വം വര്‍ദ്ധിക്കുമെന്നു തോന്നിയ അദ്ദേഹം ഉടന്‍ വര്‍ക്കിംഗ് കമ്മിറ്റി കൂടണമെന്ന് ബാവായോട് ആവശ്യപ്പെട്ടു. വര്‍ക്കിംഗ് കമ്മിറ്റി കൂടേണ്ട കാര്യമൊന്നുമില്ലായെങ്കിലും ചെക്കുബുക്കിലെ പൂജ്യങ്ങളുടെ എണ്ണം ഓര്‍ത്തപ്പോള്‍ ആരും എതിരുപറഞ്ഞില്ല. വര്‍ക്കിംഗ് കമ്മിറ്റി ആരംഭിച്ചപ്പോള്‍ കാവല്‍ മാലാഖമാരുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മാലാഖമാരും കമ്മിറ്റി മീറ്റിംഗിനെത്തുന്നത് കണ്ട് നെറ്റി ചുളിച്ചവരോട് മാലാഖമാര്‍ പറഞ്ഞു, "ഇദ്ദേഹം കമ്മിറ്റിയില്‍ ഇരിക്കണമെങ്കില്‍ ഇടത്തും വലത്തും ഞങ്ങളുണ്ടാവും." എന്തായാലും ഉച്ചകഴിഞ്ഞാണു യോഗം കൂടിയതെങ്കിലും പ്രാരംഭ പ്രാര്‍ത്ഥനയില്‍ പ്രഭാതനമസ്കാരത്തിന്‍റെ ഭാഗം കൂടി ഉള്‍പ്പെടുത്തിയെന്നാണു കുബുദ്ധികള്‍ പറയുന്നത്. 'മേല്പട്ട ഉയരങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍ നിന്നെ സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.'
പലിശയുടെ ആല്‍മരം ശാഖവീശിപ്പടരുന്നതിനു അസൂയാലുക്കള്‍ അസ്വസ്ഥരായിട്ട് ഒരു കാര്യവുമില്ല. "വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു പെറുക്കുകയും ചെയ്യുന്ന ദുഷ്ടനായ യജമാനന്‍റെ താലത്തില്‍ തനിക്ക് ഓഹരി വേണമെന്നു" ധൈര്യപൂര്‍വ്വം പറഞ്ഞ ദാസനെ കാത്തിരുന്നത് കരച്ചിലും പല്ലുകടിയും ആയിരുന്നുവെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. അനീതിയോട് സന്ധി ചെയ്യുന്നവര്‍ താലന്തുകള്‍ വര്‍ദ്ധിപ്പിക്കും. അവര്‍ വിതയ്ക്കാതെ കൊയ്യും, വിതറാതെ പെറുക്കും. അവരോടൊപ്പം നില്‍ക്കാത്തവര്‍ പല്ലുകടിയും കരച്ചിലും അനുഭവിക്കും.
സഭയിലെ വൈദിക-അത്മായ സ്ഥാനങ്ങളൊക്കെ ആയുഷ്ക്കാലത്തേക്കുള്ളതല്ല, അഞ്ചുവര്‍ഷത്തിനപ്പുറം ആരും അത് വഹിക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളോടെയാണ് മുതലാളിയും അച്ചനും കൊച്ചനുമെല്ലാം സ്ഥാനമേറ്റത്. ഒരു തവണ കഴിഞ്ഞപ്പോള്‍ ഒന്നുംകൂടി ആയാലെന്ത് എന്നായി അവരുടെ ചിന്ത. ആല്‍മരത്തിനു പുതിയ ശാഖകള്‍ പൊട്ടിമുളയ്ക്കുന്നുമുണ്ട്. അതുകൊണ്ട് നല്ല കാനനഛായ. ഈ കാനനത്തില്‍ ആടു മേയ്ക്കാന്‍ ഇനി ആരും വരേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം.
ആ തീരുമാനത്തിന് എന്താണു കുഴപ്പമെന്നു നമുക്കു ചോദിക്കാം. കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് സ്ഥാനത്തും സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് അത് സ്വന്തമാണെന്നു തോന്നും. സ്വന്തമായാല്‍ തോന്നുന്നത് പറയാം, തോന്നുന്നതുപോലെ ചെയ്യാം. ആ തോന്നലുകളാണ് ഇന്ന് സഭയിലെ അനാരോഗ്യകരമായ പ്രവണതകളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ തോന്നലുകള്‍ ഇനി അധികം വേണ്ട.
വരുന്ന അസോസിയേഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത് സ്വന്തം പ്രതിഛായയേക്കാള്‍ സഭയുടെ പ്രതിഛായയ്ക്ക് പ്രാധാന്യം നല്‍കുന്ന, മനസ്സും ശരീരവും ആത്മാവും ആര്‍ക്കും പണയപ്പെടുത്താത്ത ശക്തമായ വ്യക്തിത്വത്തിന് ആയിരിക്കണം. കാലാവധിയും തവണകളും പ്രലോഭിപ്പിക്കാത്ത അത്തരക്കാരുടെ വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

No comments:

Post a Comment