Tuesday 8 November 2016

പത്രോസ് മത്തായിമാരെ സഭയ്ക്കുവേണ്ടി അപേക്ഷിക്കണമേ / ജോര്‍ജുകുട്ടി കോത്തല



മലങ്കരസഭയിലെ അവിവാഹിത വൈദികരെയെല്ലാം മെത്രാന്‍ സ്ഥാനാര്‍ത്ഥികളായോ, സ്ഥാനമോഹികളായോ ഒക്കെയായാണ് ജനം വിലയിരുത്തുക. പെണ്ണു കിട്ടാത്തതിനാല്‍ അവിവാഹിതരായവരുണ്ട്. പെണ്ണു കെട്ടാഞ്ഞതിനാല്‍ മാത്രം മെത്രാന്മാരായവരുമുണ്ട്. എന്നാല്‍ മെത്രാനാകാതിരിക്കാന്‍വേണ്ടി പെണ്ണുകെട്ടിയ മഴുവഞ്ചേരിമഠത്തില്‍ പത്രോസ് മത്തായിയെപ്പറ്റി നാം അധികം കേട്ടിട്ടില്ല. മെത്രാന്‍ സ്ഥാനമല്ല, കേവലം ആലങ്കാരികമായി അജഗളസ്തന സമാനമായ വൈദികട്രസ്റ്റി, അത്മായ ട്രസ്റ്റി മുതലായ സ്ഥാനങ്ങള്‍ പോലും ഒന്നിലധികം പ്രാവശ്യം ലഭിച്ചിട്ടും മതിവരാതെ, ഏതു കഴുതക്കാലും പിടിക്കാന്‍ തയ്യാറായി വരുന്ന പണ്ഡിതമ്മന്യനായ മാന്യവൈദികനും മഹാകോടിപതിയായ മാന്യദേഹവും കേവലം സാധാരരണക്കാരായ സഭാംഗങ്ങളുടെപോലും അറപ്പും വെറുപ്പും ഏറ്റുവാങ്ങുന്നതു കാണുമ്പോള്‍ മഹാനായ പത്രോസ് മത്തായി ആരായിരുന്നുവെന്നും എന്തു ചെയ്തുവെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
1930-ല്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അഞ്ചു വൈദികരെയും രണ്ട് അത്മായക്കാരെയും മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അവരില്‍ രണ്ട് അത്മായക്കാരും ഒരു വൈദികനും സ്ഥാനം സ്വീകരിച്ചില്ല. അന്നു തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ഥാനം ഏറ്റവര്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും പാറേട്ട് ഈവാനിയോസ് തിരുമേനിയും ബഥനിയുടെ തേവോദോസിയോസ് തിരുമേനിയും വാളക്കുഴി സേവേറിയോസ്  തിരുമേനിയും ആണ് എന്നു മനസ്സിലാക്കുമ്പോഴാണ് എത്ര ഗംഭീരമായ തിരഞ്ഞെടുപ്പാണ് അന്ന് നടന്നതെന്ന് നമുക്കു മനസ്സിലാവുക. ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും മെത്രാന്മാരാകാതിരുന്നവര്‍ ചെറിയമഠത്തില്‍ സ്കറിയാ മല്പാനും, കണ്ടത്തില്‍ കെ. സി. ചാക്കോയും, മഴുവഞ്ചേരി പത്രോസ് മത്തായിയുമാണ്. ആ മൂന്നു പേരു കൂടിയും മെത്രാന്‍സ്ഥാനത്തേക്കു വന്നിരുന്നുവെങ്കില്‍ എന്ന് നാം, സഭയെ സ്നേഹിക്കുന്നവര്‍ അന്നും ആഗ്രഹിച്ചു, ഇന്നും നാം അങ്ങനെ ചിന്തിക്കുന്നു.
കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരനും ആലുവ യു. സി. കോളജ് സ്ഥാപകനുമായ കെ. സി. ചാക്കോയുടെ മേല്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അതിനെ അതിജീവിച്ചു. ജീവിക്കുന്ന വിശുദ്ധനായാണ് കെ. സി. ചാക്കോയെ ഏവരും കണ്ടത്. ജനങ്ങളില്‍ നിന്നും അകന്നുള്ള ജീവിതമല്ല, ജനങ്ങളോടൊത്തുള്ള അവര്‍ക്കുവേണ്ടിയുള്ള ജീവിതമാണ് തന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവുമെന്ന് അദ്ദേഹം കരുതി. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മെത്രാന്‍സ്ഥാനം തടസ്സമായി അദ്ദേഹം കരുതി.
അക്കാലത്തെ ഒരു പ്രമുഖ അഭിഭാഷകനും പിന്നീട് ഗവ. ലോ. കോളജ് പ്രിന്‍സിപ്പലുമായിരുന്നു പത്തനാപുരം സ്വദേശിയായ അയ്മനം മഴുവഞ്ചേരിമഠത്തില്‍ കുടുംബാംഗമായ പത്രോസ് മത്തായി. മെത്രാന്‍സ്ഥാനം ഏല്‍പ്പാനുള്ള സമ്മര്‍ദ്ദമേറിയപ്പോള്‍ അതിനെ അതിജീവിക്കാന്‍ അദ്ദേഹം ഒരു കുറുക്കുവഴി കണ്ടെത്തി. 49-ാം വയസ്സില്‍ വിവാഹിതനാവാന്‍ അദ്ദേഹം തയ്യാറായി. ആ വിവാഹത്തില്‍ അദ്ദേഹത്തിന് ഏഴു കുട്ടികളുണ്ടായി. മത്തായി പത്രോസ് മത്തായി, കുഞ്ഞന്നാമ്മ പത്രോസ് മത്തായി, അലക്സ് അന്ത്രയോസ് പത്രോസ് മത്തായി, പത്രോസ് പത്രോസ് മത്തായി, ഡോക്ടര്‍ പത്രോസ് മത്തായി, ലൂക്കോസ് പത്രോസ് മത്തായി, സൈമണ്‍ പത്രോസ് മത്തായി. ഉന്നതനിലയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ അവരില്‍ പലരും സഭാസ്നേഹികളായി ഇന്നും നമ്മുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്.
പത്രോസ് മത്തായി സാറിന്‍റെ 49-ാം വയസ്സിലെ തീരുമാനം മെത്രാന്‍ സ്ഥാനത്തുനിന്ന് രക്ഷപെടുന്നതിനുവേണ്ടി ആയിരുന്നുവെങ്കിലും അതിലൂടെ സഭയ്ക്ക് ലഭിച്ചത് ഏഴ് ശ്രേഷ്ഠ കുടുംബങ്ങളെയാണ്. അതുകൊണ്ടുതന്നെ അതുമൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് മനോരമ സീനിയര്‍ എഡിറ്റര്‍ തോമസ് ജേക്കബ് വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ നമ്മെ ചില വ്യത്യസ്ത ചിന്തകളിലേക്ക് നയിക്കണം. നമ്മുടെ സഭയില്‍ പല കാരണങ്ങളാല്‍ അവിവാഹിതജീവിതം നയിക്കുന്ന ശ്രേഷ്ഠവ്യക്തികളുണ്ട്. അവരില്‍ വൈദികരും അവൈദികരും സന്യാസികളുമെല്ലാം ഉണ്ട്. 50 വയസ്സിനുള്ളില്‍ ശ്രേഷ്ഠലക്ഷ്യങ്ങള്‍ നിര്‍വഹിച്ചവരാണ് അവരില്‍ പലരും. പ്രൗഢയൗവ്വനമെന്ന് ഡോക്ടര്‍ ബാബു പോളിനെപ്പോലെയുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ പ്രായസരണിയില്‍പെട്ട അവിവാഹിതരെ കുടുംബജീവിതത്തിലേക്ക് പ്രവേശിപ്പിക്കുവാന്‍ പ്രേരിപ്പിച്ചാല്‍, അതുവഴി സഭയ്ക്ക് ശ്രേഷ്ഠ കുടുംബങ്ങളെ ലഭിക്കില്ലേ? വരുംകാലത്ത് സഭ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്നം, ശ്രേഷ്ഠ കുടുംബങ്ങളില്‍ നിന്നുള്ള വൈദികരുടെയും സഭാപ്രവര്‍ത്തകരുടെയും അഭാവമാണ്. ആ കുറവ് പരിഹരിക്കുവാന്‍ സാധിക്കുവാന്‍, ഈ പ്രവര്‍ത്തനത്തിലൂടെ സഭയ്ക്കു കഴിയും. മെത്രാന്‍സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 'ഇനിയൊരങ്കത്തിനു ബാല്യമില്ല' എന്നു കരുതി നിരാശരായി നില്‍ക്കുന്നവരെയും സഭ നിരാശപ്പെടുത്തരുത്. മാര്‍ത്തോമ്മാ സഭയിലും മറ്റും വൈദികര്‍ക്ക് വിവാഹം അനുവദനീയമാണല്ലോ. നമ്മുടെ സഭയിലും ഡോക്ടര്‍ വി. സി. ശമുവേലിനെപ്പോലെയുള്ള വമ്പരായ വൈദികര്‍ ആ വഴി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
നമുക്ക് പത്രോസ് മത്തായിലേക്ക് തിരിച്ചുവരാം. മെത്രാനായി വാഴിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്നു നാം തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കബറുങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുമായിരുന്നു. 'മാര്‍ പത്രോസ് മത്തായി പിതാവേ നമുക്കുവേണ്ടി അപേക്ഷിക്കണമേ' എന്നു നാം പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതിരുന്നതുകൊണ്ട് എട്ട് പത്രോസ് മത്തായിമാരുണ്ടായി. എല്ലാവരും ശ്രേഷ്ഠജീവിതപാതയിലൂടെ സഞ്ചരിച്ചവര്‍. ക്രിസ്തുസഭയ്ക്ക് വിലപ്പെട്ടവര്‍. അവരോട് നമുക്ക് അപേക്ഷിക്കാം. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോടിപതികളും പണ്ഡിതന്മാരും വിട്ടുവീഴ്ചയില്ലാതെ നെട്ടോട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ദൈവിക നടത്തിപ്പ് ലഭിക്കുവാന്‍ നിങ്ങളും കൂടെ പ്രാര്‍ത്ഥിക്കണമേ എന്ന്. അതുകൊണ്ട് നമുക്കിങ്ങനെ അപേക്ഷിക്കാം. "പത്രോസ് മത്തായിമാരെ, ഈ സഭയ്ക്കുവേണ്ടി അപേക്ഷിക്കണമേ."

No comments:

Post a Comment