Wednesday 9 November 2016

സഭയിലെ സമുന്നത പദവികള്‍ മാറാ കൈസ്ഥാനമാകരുത് / കെ. എം. വറുഗീസ് തുമ്പമണ്‍




നാല് മാസത്തിനുശേഷം പുതിയ വൈദിക-അവൈദിക ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നതിനു മലങ്കരസഭ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയില്‍ ട്രസ്റ്റികള്‍ ഉണ്ടാകാനുള്ള പശ്ചാത്തലവും അവരുടെ സ്ഥാനവും ജോലികളും ഇന്നത്തെ സ്ഥിതിഗതികളും അവലോകനം ചെയ്യുന്നതു സമയോചിതമായിരിക്കുമെന്നു കരുതുന്നു.
മലങ്കരസഭയും സി.എം.എസ്. മിഷനറിമാരും തമ്മിലുള്ള രണ്ടു ദശാബ്ദക്കാലത്തെ സഹകരണം 1836-ലെ മാവേലിക്കര പടിയോലപ്രകാരം അവസാനിച്ചു. ഈ ചുറ്റുപാടില്‍ സഹകരണകാലത്തു സമ്പാദിച്ച കൂട്ടുസ്വത്തുക്കള്‍ 1840-ല്‍ ഉണ്ടായ കൊച്ചിന്‍ അവാര്‍ഡുപ്രകാരം വിഭജിക്കപ്പെട്ടു. അവാര്‍ഡനുസരിച്ചു മലങ്കരസഭയ്ക്കു ലഭിച്ച സ്വത്തുക്കള്‍ പ്രധാനമായും പഴയസെമിനാരി, വട്ടിപ്പണ ട്രസ്റ്റുഫണ്ടിന്‍റെ പലിശ എന്നിവയാണ്. ഈ സ്വത്തുക്കള്‍ മലങ്കര മെത്രാപ്പോലീത്തായും അതതുകാലത്തെ മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുക്കുന്ന വൈദികട്രസ്റ്റിയും അവൈദിക ട്രസ്റ്റിയും ചേര്‍ന്ന് ഭരിക്കണമെന്ന് കൊച്ചിന്‍ അവാര്‍ഡില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇങ്ങനെയാണ് മലങ്കരസഭയുടെ ക്ലിപ്തമായ പൊതുസ്വത്തുക്കള്‍ക്ക് മൂന്നു ട്രസ്റ്റിമാര്‍ ഉണ്ടായത്. മലങ്കര സഭാദ്ധ്യക്ഷന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ സ്ഥിരനിക്ഷേപമായി മൂവായിരം പൂവരാഹന്‍ (10500 രൂപ) എട്ടു ശതമാനം പലിശയ്ക്കു (വട്ടി) ഏല്പിച്ചിരുന്നു. ഇതിന് ഒരുവര്‍ഷം 840 രൂപയാണു പലിശ. മുതല്‍  ലോകാവസാനത്തോളം ആര്‍ക്കും എടുക്കാന്‍ സാധ്യമല്ല. പലിശയ്ക്ക് അര്‍ഹതയുള്ളത് യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ ഭരിക്കുന്ന സഭയ്ക്കാണ്.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഇവിടെ വന്ന് മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കിയശേഷം ആലുവായിലെ പൗലോസ് മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലീത്തായായി നിയമിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വട്ടിപ്പണത്തിന്‍റെ പലിശ യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്തായ്ക്കു നല്‍കുന്നതിനുള്ള ഗവണ്മെന്‍റിന്‍റെ ശ്രമത്തെ മുന്‍നിര്‍ത്തിയാണ് വട്ടിപ്പണക്കേസുണ്ടായത്. വട്ടിപ്പണത്തിന്‍റെ പലിശയല്ല മുഖ്യപ്രശ്നം. ആരാണു യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ എന്നു കോടതിക്കു തീരുമാനിക്കേണ്ടി വന്നു. ഈ പ്രശ്നം ചെറിയ കോടതികള്‍ വഴി ഹൈക്കോടതിയില്‍ എത്തുകയും അവിടെനിന്നു സുപ്രീം കോടതിയില്‍ കടക്കുകയും ഒടുവില്‍ 1958-ല്‍ ഗീവറുഗീസ് രണ്ടാമന്‍ ബാവായാണു യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ എന്നു സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് വിധിക്കുകയും ചെയ്തു. പലിശയ്ക്കു വേണ്ടിയാണു കേസ് നടത്തിയതെന്നു വിവരദോഷികള്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നുണ്ടെങ്കിലും സഭയുടെ മൗലിക സ്വാതന്ത്ര്യം എന്നതായിരുന്നു കേസിലെ കാതലായ പ്രശ്നം.
പ്രശസ്തരായ വൈദികരും അവൈദികരും കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ട്രസ്റ്റിമാരായിരുന്നിട്ടുണ്ട്. നേരത്തെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായിരുന്നു വട്ടിപ്പണപ്പലിശ വാങ്ങിവന്നത്. കൂട്ടുട്രസ്റ്റിമാര്‍ ആദ്യമായി നിയമിതരാകുന്നത് 1869-ല്‍ ആണ്. മലങ്കര അസോസിയേഷനാണ് ഇവരെ തെരഞ്ഞെടുത്തത്. ആദ്യത്തെ വൈദികട്രസ്റ്റി താഴത്തു ചാക്കോ ചാണ്ടപ്പിള്ള കത്തനാരായിരുന്നു. 1886-ല്‍ കോനാട്ടു കോര യോഹന്നാന്‍ മല്പാനെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തു. പിന്നീട് 1895-ല്‍ കോനാട്ടു കോര മാത്തന്‍ മല്പാന്‍ വൈദിക ട്രസ്റ്റിയായി.
അബ്ദുള്ളാ പാത്രിയര്‍ക്കീസ്, മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരില്‍ തിരുമേനിയെ അകാരണമായി മുടക്കിയതിനെ തുടര്‍ന്നു പാത്രിയര്‍ക്കീസ് ഭാഗത്തു ചേര്‍ന്നു കോനാട്ടു മാത്തന്‍ മല്പാനെയും അദ്ദേഹത്തോടൊപ്പം നിന്ന അവൈദികട്രസ്റ്റി സി. ജെ. കുര്യനെയും വട്ടശ്ശേരില്‍ തിരുമേനി കറിവേപ്പിലപോലെ എടുത്തെറിഞ്ഞശേഷം വൈദിക ട്രസ്റ്റിയായി പാലപ്പള്ളി മാണി പൗലോസ് കത്തനാരെയും അവൈദിക ട്രസ്റ്റിയായി ചിറക്കടവില്‍ കോര കൊച്ചുകോരുളയേയും തെരഞ്ഞെടുത്തു.
പിന്നീട് 1958-ല്‍ പുത്തന്‍കാവില്‍ ചേര്‍ന്ന അസോസിയേഷന്‍ സഭാകേസുകളുടെ നടത്തിപ്പുകാരനായിരുന്ന മണലില്‍ യാക്കോബ് കത്തനാരെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തപ്പോള്‍ ട്രസ്റ്റിക്കു കാലാവധി നിശ്ചയിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിക്കുകയും കാലാവധി കഴിഞ്ഞ ദിവസം തന്നെ സ്ഥാനം ഒഴിയുകയും ചെയ്തു. ട്രസ്റ്റിസ്ഥാനം മാറാക്കൈസ്ഥാനമല്ലെന്നു പ്രവൃത്തി മൂലം കാണിച്ചുകൊടുത്ത മണലില്‍ അച്ചനാണു വൈദിക ട്രസ്റ്റിമാരില്‍ എന്തുകൊണ്ടും ഇക്കാര്യത്തില്‍ സമുന്നതന്‍.
പിന്നീട് 1965-ല്‍ തെങ്ങുംതോട്ടത്തില്‍ റ്റി. എസ്. ഏബ്രഹാം കോര്‍എപ്പിസ്കോപ്പായും 1982-ല്‍ കോനാട്ട് ഏബ്രഹാം മല്പാനും 1987-ല്‍ ഫാ. മത്തായി നൂറനാലും തെരഞ്ഞെടുക്കപ്പെട്ടു. 1987-ല്‍ ആണ് ട്രസ്റ്റി സ്ഥാനത്തേക്കു ആദ്യമായി വോട്ടെടുപ്പു നടത്തപ്പെട്ടത്. 2004-ല്‍ ഫാ. ഡോ. ഒ. തോമസും തുടര്‍ന്ന് ഇപ്പോഴത്തെ ട്രസ്റ്റി കോനാട്ട് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാമും വോട്ടെടുപ്പിലൂടെ വൈദിക ട്രസ്റ്റിമാരായി. ട്രസ്റ്റികള്‍ക്കു കാലാവധി നിശ്ചയിക്കേണ്ടതാണെന്ന മണലില്‍ അച്ചന്‍റെ നിര്‍ദ്ദേശവും സന്മാതൃകയും മേലില്‍ ട്രസ്റ്റിമാര്‍ നിശ്ചയമായും സ്വീകരിക്കുകയും ഒരു തവണയില്‍ കൂടുതല്‍ പ്രസ്തുത പദവികളില്‍ തുടരുകയും ചെയ്യരുത്. വോട്ടെടുപ്പിലല്ലാതെ തന്നെ എല്ലാവിധത്തിലും യോഗ്യരായ ട്രസ്റ്റികളെ പ്രബുദ്ധരായ അസോസിയേഷന്‍ അംഗങ്ങള്‍ പ്രലോഭനങ്ങള്‍ക്ക് അതീതരായി കണ്ടെത്തിയാല്‍ അതു കൂടുതല്‍ അഭിമാനകരം ആയിരിക്കും. വോട്ടുപിടിച്ചു മത്സരിക്കാന്‍ ഉന്നതമായ സഭാസ്നേഹവും ധാര്‍മ്മിക ജീവിതവുമുള്ള പലരും മടിക്കും.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായ്ക്കുപകരം ഒരാളെ പ്രാര്‍ത്ഥനാപൂര്‍വ്വം തെരഞ്ഞെടുക്കുന്നതിനുവേണ്ടി പൗലോസും മറ്റും ചേര്‍ന്നു കുറിയിട്ടപ്പോള്‍, കുറി മത്ഥിയാസിനു വീണു. മത്ഥ്യാസിനോടൊപ്പം രംഗത്ത്  ഉണ്ടായിരുന്ന ബര്‍ശബാ എന്ന ജോസഫിനു കുറി വീണില്ല. ഇവര്‍ ഇരുവരും നേരത്തെ പ്രചരണം നടത്തുകയോ വോട്ടുപിടിക്കുകയോ ചെയ്തതായി വേദപുസ്തകത്തില്‍ കാണുന്നില്ല. ഇതുപോലെ തന്നെ ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസിനെ നാലുപേരില്‍നിന്നു തെരഞ്ഞെടുത്തത് കുറിയിട്ടാണ്. അതിനു മുമ്പ് അവരാരും തന്നെ പ്രചരണം നടത്തുകയോ വോട്ടു പിടിക്കുകയോ ചെയ്തിട്ടില്ല. പവിത്രമായ ഒരു പദവിയിലേക്കു ഒരു തത്വദീക്ഷയും കൂടാതെ രാഷ്ട്രീയ നിലവാരത്തിലുള്ള വോട്ടുപിടിത്തവും നോട്ടെറിയലും ഒന്നും ആവശ്യമില്ല. അതേസമയം പള്ളിപ്രതിപുരുഷന്മാര്‍ക്കു സ്ഥാനികളെ തെരഞ്ഞെടുക്കുന്നതിനു അവകാശം സഭാ ഭരണഘടനയില്‍ അസന്നിഗ്ദ്ധമായി ഉറപ്പു ചെയ്തിട്ടുണ്ട്.
ഏതെങ്കിലും ഒരു മേല്പട്ടക്കാരന്‍ പറഞ്ഞിട്ടാണു താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്നുള്ള ഏതെങ്കിലും ഒരാളുടെ നിലപാടു വെറും ഗൂഢതന്ത്രമാണ്. മേല്പട്ടക്കാര്‍ക്കു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്താനുള്ള അധികാരമോ അവകാശമോ ഭരണഘടന നല്‍കുന്നില്ല. തെരഞ്ഞെടുപ്പിനുള്ള അധികാരം ഇടവകകള്‍ മലങ്കര അസോസിയേഷനിലേക്കു തെരഞ്ഞെടുത്തു വിടുന്നവര്‍ക്കു മാത്രമുള്ളതാണ്. തന്നിമിത്തം യോഗ്യതയുള്ളവരെ തെരഞ്ഞെടുത്തു വിടണം. ആ അധികാരം അവിഹിത സ്വാധീനം കൊണ്ടും പണം എറിഞ്ഞുകൊണ്ടും അട്ടിമറിക്കുന്നതു ധാര്‍മ്മികതയ്ക്ക് ഒട്ടും നിരക്കുന്നതല്ല. "നിന്നെ കൂടാതെയും ലോകം മുന്നോട്ടു പോകു"മെന്നുള്ള ആപ്തവാക്യം മഹാകവി പൂന്താനം പറയുന്നതുപോലെ "സ്ഥാനമാനങ്ങള്‍ തേടി നാണമില്ലാതെ നടക്കുന്നവര്‍" ഓര്‍ത്തിരിക്കേണ്ടതാണ്.
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ യാതൊരധികാരവും ഇല്ലാത്ത ട്രസ്റ്റിസ്ഥാനത്തേക്കു കോടികള്‍ ചെലവാക്കി വോട്ടുപിടിക്കുന്നതും തങ്ങള്‍ മാത്രമാണു യോഗ്യരെന്നും സ്വയം കാണിച്ചു പല നോട്ടീസുകള്‍ അച്ചടിച്ച് കാര്യവിവരമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതും, മിമിക്രിക്കാരെ കാശു കൊടുത്തു തനിക്കു പകരം വച്ച് ഫോണിലൂടെയും മറ്റും വോട്ടുതെണ്ടി അസോസിയേഷന്‍ അംഗങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നതും അല്പത്വമായിട്ടേ വിവരമുള്ള പല സഭാസ്നേഹികളും കണക്കാക്കുകയുള്ളു. ആദ്യകാലം മുതലുള്ള മിക്ക ട്രസ്റ്റികളും ദൈവാശ്രയത്തോടെ സഭയെ സേവിച്ചവരും നിഗളം പൂശാത്തവരുമായിരുന്നുവെന്ന് സഭാചരിത്രം സാക്ഷിക്കുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ടു പരിഗണിക്കാവുന്നതും ഇപ്പോഴത്തെ വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം, ഈയിടെ പ്രസിദ്ധീകരിച്ച "വീയപുരം ഇരതോടു സെന്‍റ് ജോര്‍ജ് പള്ളി"യുടെ ദ്വിശതാബ്ദി സ്മരണികയില്‍ എഴുതിയതുമായ "മലങ്കര അസോസിയേഷനും ഇടവകപ്പള്ളികളും" എന്ന ശ്രദ്ധേയമായ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. "1934-ല്‍ മലങ്കരസഭയ്ക്ക് ഒരു ഭരണഘടന ഉണ്ടായപ്പോഴും സഭയിലെ മുന്‍കാല ജനാധിപത്യ തത്വങ്ങള്‍ സംരക്ഷിക്കപ്പെട്ടു. ഇടവകപ്പള്ളി പൊതുയോഗത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വൈദികനും രണ്ടു അവൈദികരും ഒരുമിച്ചു കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് സഭാതലവന്‍, മേല്പട്ടക്കാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വൈദിക ട്രസ്റ്റി, അത്മായട്രസ്റ്റി എന്നിവരെ തെരഞ്ഞെടുക്കാനുള്ള അവകാശം. അങ്ങനെ സഭയുടെ പൊതുസ്ഥാനികളെയെല്ലാം തെരഞ്ഞെടുക്കുന്നതില്‍ ഇടവകജനങ്ങള്‍ക്കും വൈദികര്‍ക്കും സുപ്രധാന പങ്കു ലഭിക്കുന്നു. 1995-ലെ സുപ്രീംകോടതിവിധിയോടെ പ്രാതിനിധ്യം ഒന്നു കൂടെ പൂര്‍ണ്ണമായി തീര്‍ന്നു."
അലങ്കാര മത്സ്യങ്ങളെപ്പോലെ അധികാരവും സ്വാതന്ത്ര്യവും ഇല്ലാത്ത വൈദിക-അവൈദിക ട്രസ്റ്റികള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ കോര്‍എപ്പിസ്കോപ്പാമാരുടെ ഇടക്കെട്ടുപോലെയോ അജഗളസ്തനങ്ങള്‍പോലെയോ കാഴ്ചവസ്തുക്കളായി മാറിയിരിക്കുന്നു എന്നതാണു വസ്തുത. 

No comments:

Post a Comment